This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രീസി, എഡ്വേഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രീസി, എഡ്വേഡ്

Cressy, Edward (1792 -1858)

ബ്രിട്ടീഷ് വാസ്തുകലാവിദഗ്ധന്‍. 1792 മേയ് 7-ന് ഡാര്‍ട്ട്ഫോര്‍ട്ടില്‍ ജനിച്ചു. ബ്രോംലിയിലുള്ള റാവേസ് വിദ്യാലയത്തില്‍ പഠനം നടത്തി. ജയിംസ്, ജോര്‍ജ് ലെഡ്വെല്‍ എന്നീ പ്രശസ്ത വാസ്തുശില്പികളില്‍ നിന്നും ലഭിച്ച പരിശീലനമാണ് ക്രീസിനെ പ്രശസ്തനായ ഒരു വാസ്തുശില്പിയാക്കിത്തീര്‍ത്തത്. ഇംഗ്ലണ്ടിലുള്ള പ്രധാനപ്പെട്ട മന്ദിരങ്ങളും പള്ളികളും കാണുവാനും അവയെപ്പറ്റി പഠിക്കുവാനും വേണ്ടി രാജ്യം മുഴുവനും ചുറ്റിസഞ്ചരിച്ച ക്രീസി, തുടര്‍ന്ന് മൂന്നു വര്‍ഷക്കാലം ഫ്രാന്‍സ്, ഇറ്റലി, ഗ്രീസ്, സിസിലി മുതലായ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ പര്യടനം നടത്തി. പാരിസില്‍ ഉദ്യോഗം സ്വീകരിച്ച ഇദ്ദേഹം കലാപരമായ മത്സരങ്ങളില്‍ നിന്ന് ഒഴിഞ്ഞു നിന്നിരുന്നു. എന്‍ജിനീയറിങ് രംഗത്ത് വളരെയധികം സംഭാവന നല്കിയിട്ടുള്ള ക്രീസി നഗരാസൂത്രണം, നഗരശുചീകരണം മുതലായവയെക്കുറിച്ച് ആധികാരികമായി പഠിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. മധ്യകാല ഇറ്റലിയിലെ വാസ്തുശില്പകല, നവോത്ഥാന വാസ്തുശില്പകല, എ പ്രാക്റ്റിക്കല്‍ ട്രിറ്റീസ് ഓണ്‍ ബ്രിഡ്ജ് ബില്‍ഡിങ് (1839), ഇല്ലസ്റ്റ്രേഷന്‍സ് ഒഫ് സ്റ്റോണ്‍ ചര്‍ച്ച് (1840), ആന്‍ എന്‍സൈക്ലോപീഡിയ ഒഫ് സിവില്‍ എന്‍ജിനീയറിങ് (1847) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. പ്രാചീനരേഖാസംരക്ഷണ സമിതിയിലും ബ്രിട്ടീഷ് പുരാഗവേഷണ സംഘടനയിലും ക്രീസി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1858 ന. 12-ന് ഇദ്ദേഹം അന്തരിച്ചു.

(പ്രൊഫ. കെ. രവീന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍